17th December 2010
 
 
 

കരൂര്‍ സോമന്‍ സാഹിത്യലോകത്തെ പ്രതിഭ


മലയാള സാഹിത്യകാരന്മാരില്‍ ഏറെ ശ്രദ്ധേയനാണ്‌ കരൂര്‍ സോമന്‍. ഇതിനോടകം വിദേശരാജ്യങ്ങളില്‍ മലയാള ഭാഷയ്‌ക്കും സംസ്‌കാരത്തിനും അദ്ദേഹം ഏറെ സംഭാവനകള്‍ നല്‍കികഴിഞ്ഞു. യൂറോപ്പ്‌, യുഎസ്‌, ഗള്‍ഫ്‌ എന്നീ രാജ്യങ്ങളില്‍ കേരള പ്രസിദ്ധീകരണങ്ങളില്‍ തുടര്‍ച്ചയായി എഴുതുന്നുണ്ട്‌. നാടകം, നോവല്‍, കഥാസമാഹാരം, കവിതകള്‍, ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍ എന്നിങ്ങനെ മലയാള സാഹിത്യത്തിന്റെ സമസ്‌ത മേഖലകളും ഇതിനോടകം കൈയടക്കി. ഇതുവരെ 16 കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മാവേലിക്കര താലൂക്കില്‍ താമരക്കുളത്താണ്‌ ജനനം. കരൂര്‍സോമന്റെ "കവിതയൊരുക്കം" എന്ന കവിത ശ്രദ്ധിക്കുക.

പറഞ്ഞുവരുമ്പോള്‍ ഏതുപാണനാര്‍ക്കും ചൊരുക്കും,
കാരണം കവിത കാവ്യമണം പുരണ്ട വസ്‌ത്രമാണ്‌
അതില്‍ ജീവിതം തളിര്‍ക്കുമ്പോഴും പൂവിടുമ്പോഴും
ദൈവപുഞ്ചിരിയുടെ ഒരു ഇതളനക്കം കാണാം.

ഞാന്‍ ചോദിക്കട്ടെ, ലണ്ടന്‍ തണുപ്പില്‍
ഒരു വരി റൊട്ടി കട്ടെടുത്തതിനു നാടുകടത്തപ്പെട്ട
അതേവിപ്ലവം പിന്നീട്‌ മൊഴിമാറ്റം നടത്തി
നീലഗിരിക്കുന്നുകള്‍ക്കുതാഴെ ചാവേറു നടത്തിയപ്പോള്‍
എവിടെപ്പോയ്‌ നിന്റെ കവിത
എവിടെപ്പോയ്‌ രക്തമണം പുരണ്ട നിന്റെ പേന
അതേ ആവേശം അതേ വൈകാരികത
കവിതയ്‌ക്കു ചേര്‍ത്തുവയ്‌ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍
എന്റെ പ്രിയസുഹൃത്തേ, എന്നേ ഭൂമിയില്ലാതായ
കുഞ്ഞിന്റെ കളിമുറ്റത്ത്‌ ഒരു കളിവഞ്ചി പിച്ചവച്ചേനെ...

ഇനിയും ഞാന്‍ ചോദിക്കട്ടെ, ഒരു തുണ്ടു ഭൂമിക്കായി
ഒരു തുണ്ടു വയറിലെ കാളലില്‍ വെള്ളംവീഴത്താന്‍
ഒരു പതിനാറില്‍ ഛേദം ചെയ്യപ്പെട്ട കാവ്യക്ഷരങ്ങളെ
കൂട്ടുക്കൊടുക്കാന്‍ ഇനി നിന്റെ പെരുവിരല്‍ ദാനംചെയ്യുമോ...

പാണനാര്‌ പെയ്‌ക്കഴിഞ്ഞതോടെ കവിതയേക്കാള്‍ ഭദ്രം
കഥയെന്നു നിനയ്‌ക്കവേ, പേനയുടെ ഇടനെഞ്ച്‌ പൊട്ടി.