Last Updated 33 min 33 sec ago
Ads by Google
22
Tuesday
December 2015

കൗമാരസന്ധ്യയിലെ ചിത്രശലഭങ്ങള്‍

mangalam malayalam online newspaper

'വാകപ്പൂവിന്‌ ചിത്രശലഭത്തിന്റെ ഭാരം താങ്ങാനാകും. എന്നാല്‍ പക്ഷികളുടെ ഭാരം പേറാനാകില്ലെ'ന്നാണു കാളിദാസന്‍ പറഞ്ഞത്‌. തൃശൂര്‍ കറന്റ്‌ ബുക്‌സ് പ്രസിദ്ധീകരിച്ച ശാസ്‌ത്ര-സാഹിത്യത്തിലെ ബഹുമുഖ പ്രതിഭ കാരൂര്‍ സോമന്റെ കൗമാരസന്ധ്യകള്‍ എന്ന നോവല്‍ വായിച്ചപ്പോഴാണു കാളിദാസന്റെ വാക്കുകള്‍ ഓര്‍മ്മയിലെത്തിയത്‌. ഒരു സര്‍ഗപ്രതിഭയുടെ അഴകും അധ്വാനവും അവരുടെ കൃതികളില്‍നിന്ന്‌ കണ്ടെത്താന്‍ കഴിയും. എന്ന്‌ പറഞ്ഞാല്‍ അവരുടെ ഭാവന, ഭാഷ, പദം, വാക്യം, അര്‍ത്ഥം, വര്‍ണ്ണം, അലങ്കാരം ഇതിലെല്ലാം അത്‌ തെളിഞ്ഞു നില്‍ക്കും. ഓരോ കൃതിയും നമ്മള്‍ വായിക്കപ്പെടുന്നത്‌ ആ കാലത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുതന്നെയാണ്‌. അതില്‍ ചിലത്‌ കാലത്തിന്റെ അടയാളമായും കാണാറുണ്ട്‌. മുന്‍കാലങ്ങളില്‍ അനുഭവസമ്പത്തുള്ള ധാരാളം പേരുടെ സര്‍ണ്മസൃഷ്‌ടികള്‍ വായിക്കാനിടയായിട്ടുണ്ട്‌. അത്‌ ഇന്നുള്ളതുപോലെ സമ്പത്ത്‌, പ്രശസ്‌തി ഇവയുടെസ്വാധീനവലയത്തിലായിരുന്നില്ല. ഇത്തരത്തിലുള്ളവരെകൊണ്ടും കൊടുത്തും ഒപ്പം നില്‍ക്കുന്നവര്‍ സര്‍ഗ സാഹിത്യത്തിന്റെ അന്ത:സത്ത എന്തെന്ന്‌ അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌.
കൗമാരസന്ധ്യകള്‍ എന്ന നോവല്‍ കാലത്തെ അതിജീവിക്കുന്ന ചെത്തി മിനുക്കിയ സാഹിത്യശില്‌പമെന്നും നോവല്‍ രംഗത്തെ അടിമുടി മാറ്റിമറിച്ചു എന്നൊക്കെ വീമ്പിളക്കാന്‍ ഞാനാഗ്രഹിക്കുന്നില്ലെങ്കിലും കഥ കേള്‍ക്കാനും വായിക്കാനും ഇഷ്‌ടപ്പെടുന്ന ആത്മാംശം നിറഞ്ഞ ഒരു കുട്ടിയുടെ പച്ചപ്പുകള്‍ തേടിയുള്ള യാത്ര ഇഷ്‌ടപ്പെടാതിരിക്കില്ല. ശാസ്‌ത്രജ്‌ഞന്‍മാര്‍ മനുഷ്യന്റെ പിറവിയെപ്പറ്റിപോലും ഗവേഷണം നടത്തുമ്പോള്‍ മാനവികതയെപ്പറ്റി ഏറ്റവും കൂടുതല്‍ ഗവേഷണം നടത്തുന്നതും സാഹിത്യകാരന്മാരും കവികളുമാണ്‌. ഇവര്‍ സാഹിത്യ സൗന്ദര്യത്തിന്റെ ആനന്ദസാന്ദ്രമായ അനുഭൂതിയുണര്‍ത്തി നമ്മില്‍ ആസ്വാദ്യത ആവിഷ്‌കരിക്കുന്നവരാണ്‌. അതു സാഹിത്യസൃഷ്‌ടികളിലാണെന്നു മാത്രം. മനുഷ്യരിലെന്നപോലെ സാഹിത്യസൃഷ്‌ടികളിലും രോഗങ്ങളെ കാണാന്‍ കഴിയും. അത്‌ കണ്ടെത്തുന്നവര്‍ ഡോക്‌ടറല്ല നിരൂപകരാണെന്ന്‌ മാത്രം. അതിനാവശ്യം വെറും വായനയോ കേവല വീക്ഷണങ്ങളോ അല്ല അതിലുപരി വൈജ്‌ഞാനിക ദാര്‍ശനീക ചിന്തകളാണ്‌. ഏതൊരു സാഹിത്യകൃതിയും മനുഷ്യന്റെ വികാര വിചാരങ്ങളുടെ അനുഭവങ്ങളാണ്‌ നല്‌കുന്നത്‌. അതും അനുഭവസമ്പത്തുള്ളവര്‍ എഴുതുമ്പോള്‍ ഒന്നുകൂടി മഹത്വരമാകും.
ഒരു നോവലിന്റെ പാദമുദ്രകള്‍ ചവിട്ടിത്തന്നെയാണ്‌ കൗമാരസന്ധ്യകള്‍ സഞ്ചരിക്കുന്നത്‌ സാധാരണ ശൈലിയെക്കാള്‍ ഉദാത്തമായ ഒരു സാഹിത്യശൈലി വായിക്കാന്‍ കഴിയുമെങ്കിലും അര്‍ത്ഥങ്ങളുടെ വ്യത്യസ്‌തമാര്‍ന്ന വൈവിധ്യം ഇതില്‍ തുലോം ചുരുക്കമാണ്‌. സ്വന്തം കുഞ്ഞമ്മയുടെ പീഡനങ്ങള്‍ സഹിച്ചുകൊണ്ട്‌ ജീവിതത്തിന്റെ ഇടനാഴികകളില്‍ നിശബ്‌ദം തേങ്ങിക്കരയുന്ന കുട്ടിയാണ്‌. ആനന്ദ്‌. അവന്റെ ഹൃദയവ്യഥകളും വീര്‍പ്പുമുട്ടലുകളും സംഘര്‍ഷസങ്കീര്‍ണതകളും ഒരു ദീപം തെളിയുംപോലും അവനില്‍ നിന്നുണരുന്ന സംഗീത സാന്നിധ്യം പ്രത്യാശയുടെ കിരണങ്ങള്‍ തെളിയിക്കുന്നു. മറ്റ്‌ കുട്ടികളെപ്പോലെ അവന്‍ സ്വതന്ത്രനല്ല. എന്നാല്‍, വിവിധ സംഘര്‍ഷങ്ങളിലൂടെ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുകയാണവന്‍ മെല്ലെ.
സ്‌കൂളിലും കോളേജിലും യുവഗായകനായി, ഗാനരചയിതാവായി അവന്‍ വളര്‍ന്നു. അങ്ങനെയിരിക്കെയാണ്‌ അമേരിക്കയിലേക്കു ക്ഷണം ലഭിക്കുന്നത്‌. അതുകേട്ടമാത്രയില്‍ അച്‌ഛനെ കണ്ടെത്താന്‍ കഴിയുമെന്നവന്‍ വിശ്വസിച്ചു. കുഞ്ഞമ്മയുടെയും മകന്റെയും ഹൃദയത്തില്‍ ഒരമ്പായിതന്നെ ആനന്ദിന്റെ വളര്‍ച്ച തറച്ചു നിന്നു. ന്യൂയോര്‍ക്കിലെ പ്രകാശപൂരിതമായ ആകാശകാഴ്‌ചയില്‍ ലോവര്‍ മാന്‍ഹോട്ടന്‍ തിളങ്ങിനിന്നു. അവന്റെ ഫോട്ടോ ഓണ്‍ലൈന്‍ പത്രങ്ങളിലും മലയാളം പത്രങ്ങളിലും മലയാളം ടി.വി. ചാനലുകളിലും പ്രത്യക്ഷപ്പെട്ടു ഒപ്പം അച്‌ഛന്റെ ഫോട്ടോയും ഉണ്ടായിരുന്നു. ആനന്ദും സംഘവും വന്‍ നഗരങ്ങളില്‍ താളമേളകൊഴുപ്പോടെ പാട്ടും നൃത്തവും അവതരിപ്പിച്ച്‌ വസന്തകാല രാവുകളാക്കി കാണികളെ ആനന്ദത്തിലാറാടിച്ചു. ഈ നോവല്‍ സൗന്ദര്യാത്മകമായ ആവിഷ്‌കരണത്തിലും ഉന്നതമായൊരു സ്‌ഥാനം ആസ്വാദകനു നല്‌കുന്നുണ്ട്‌. ആനന്ദ്‌ സങ്കടങ്ങളുടെ ഉപാസകന്‍ മാത്രമല്ല ജീവിതത്തിന്റെ ആനന്ദം ഹൃദയങ്ങളില്‍ ഉണര്‍ത്തുന്നവന്‍ എന്നുകൂടി പഠിപ്പിക്കുന്നു.

കൗമാരസന്ധ്യകള്‍
കാരൂര്‍ സോമന്‍
കറന്റ്‌ ബുക്‌സ് തൃശൂര്‍
വിതരണം: കോസ്‌മോ
ബുക്‌സ്
വില: 65.0

ഷിഹാബ്‌ കുരീപ്പുഴ

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top
ShareThis Copy and Paste