Skip to content

ഒരു ദിവസം ഒരേസമയം ലോകത്താദ്യമായി ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പ്രകാശനം

https://www.facebook.com/watch/?v=6527899160572474

കാരൂർ സോമൻലോകറെക്കോർഡ് ജേതാവായ (യു.ആർ.എഫ്), കാരൂർ സോമൻ മാവേലിക്കര താലൂക്കിൽ ചാരുംമൂട് സ്വദേശി യാണ്. ഒരു ദിവസം ഒരേസമയം ലോകത്താദ്യമായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രകാശനം ചെയ്തതിനുള്ള അംഗീകാരമായിട്ടാണ് ലോക റെക്കോർഡിൽ ഇടം പിടിച്ചത്. ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ മലയാള മനോരമ യുടെ 'ബാലരമ'യിൽ കവിതകൾ എഴുതി. ആകാശവാണി തിരുവനന്തപുരം, തൃശൂർ നിലയങ്ങൾ നാടകങ്ങൾ പ്രക്ഷേ പണം ചെയ്തു. മലയാള മനോരമയുടെ കേരളയുവസാഹിത്യ സഖ്യ അംഗം. പഠിച്ചുകൊണ്ടിരുന്ന വി. വി. എച്ച് സ്‌കൂൾ വാർഷികപരിപാടിയിൽ പോലീസിനെ വിമർശിച്ചു് 'ഇരുളടഞ്ഞ താഴ്‌വര' എന്ന നാടകം അവതരിപ്പിച്ചു് 'ബെസ്റ്റ് ആക്ടർ' സമ്മാനം നേടി. ആ നാടകം മാവേലിക്കര പോലീസിനെ പ്രകോപിപ്പിച്ചു. അവർ നക്‌സൽ ബന്ധം ആരോപിച്ചു. കേസെടുത്ത് അറസ്റ്റ് ചെയ്ത് മർദ്ദിച്ചു. പണ്ഡിത കവി കെ. കെ. പണിക്കർ ഇടപെട്ട് പോലീസിൽ നിന്ന് മോചിപ്പിച്ചു. പോലീസിന്റെ നോട്ടപുള്ളിയായിരിക്കെ ഒളിച്ചോടി ബിഹാറിലെ റാഞ്ചിയിൽ സഹോദരന്റെയടുക്കലെത്തി. റാഞ്ചി ഏയ്ഞ്ചൽ തീയേറ്ററിന് വേണ്ടി നാടകങ്ങളും ഗാനങ്ങളുമെഴുതി അവതരിപ്പിച്ചു. ആദ്യജോലി റാഞ്ചി എക്‌സ്പ്രസ് ദിനപത്രത്തിൽ, പഠനം. കേരളം, റാഞ്ചി, ന്യൂഡൽഹി. ഉത്തരേന്ത്യയിലും ഗൾഫിലും ജോലി ചെയ്തു. ഇപ്പോൾ ലണ്ടനിൽ താമസം. നാലരപതിറ്റാണ്ടിനിടയിൽ നാടകം, സംഗീത നാടകം, നോവൽ, ബാലനോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അറുപത്തിയെട്ട് കൃതികൾ. 1985-മുതൽ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് 'ക' യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂർവ്വമായ സംഭവമാണ്.മൂന്നു കഥകൾ ഷോർട്ട് ഫിലിം/ടെലിഫിലിം ആയി. 2022-ൽ അബു എന്ന കഥ അബു എന്ന പേരിൽ സിനിമയായി. ഇതിൽ രണ്ട് നോവൽ, ഒരു കഥ ഇംഗ്ലീഷിലേക്ക് പരിഭാഷ പ്പെടുത്തി. 2012-ൽ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടൻ ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്തു. 2005-ൽ ലണ്ടനിൽ നിന്ന് മലയാളത്തിലാദ്യമായി 'പ്രവാസി മലയാളം' മാസിക ആരംഭിച്ചു. ഷോർട്ട് ഫിലിമിലും നാടകങ്ങളിലും അഭിനയിച്ചു. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്‌ക്കാരിക വിഭാഗം ചെയർമാൻ, യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കൺവീനർ, ജ്വാല മാഗസിൻ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. പല സ്വദേശ-വിദേശമാധ്യമങ്ങളുടെ പ്രതിനിധി യാണ്. ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ. കാരൂർ പബ്ലിക്കേഷൻസ്, ആമസോൺ വഴി വിതരണം ചെയ്യുന്ന കെ.പി. ഈ പേപ്പർ പബ്ലിക്കേഷൻസിന്റെ ചീഫ് എഡിറ്റർ ആണ്. അറുപത്തിയേഴ് രാജ്യങ്ങൾ സന്ദർശിച്ചു. ആമസോൺ ഇന്റർനാഷണൽ എഴുത്തുകാരൻ എന്ന ബഹുമതിയടക്കം ഇരുപതോളം പുരസ്‌ക്കാരങ്ങൾ ലഭിച്ചു.

കൃതികൾ

നോവൽ -(1) കണ്ണീർപൂക്കൾ, (2) കദനമഴ നനഞ്ഞപ്പോൾ, (3) കനൽ, (4) കാരൂർ കൊച്ചുകുഞ്ഞ്, (5) കിനാവുകളുടെ തീരം, (6) കാണാ പ്പുറങ്ങൾ, (7) കഥാനായകൻ, (8) കാൽപ്പാടുകൾ (യൂറോപ്പിൽ നിന്നുള്ള ആദ്യ മലയാള നോവൽ), (9) കൗമാര സന്ധ്യകൾ, (10) കാവൽ മാലാഖ, (11) കാവൽക്കാരുടെ സങ്കീർത്തനങ്ങൾ, (12) കാലാന്തരങ്ങൾ, (13) കാലയവനിക, (14) കന്മദപൂക്കൾ, (15) കാര്യസ്ഥൻ (ക്രൈം നോവൽ), (16) കന്യാദലങ്ങൾ (നോവലെറ്റ്), (17) കൽവിളക്ക്, (18) കന്യാസ്ത്രീ കാർമേൽ, (19) കിളിക്കൊഞ്ചൽ (ബാലനോവൽ), (20) കാറ്റാടിപ്പൂക്കൾ (ബാലനോവൽ), (21) കൃഷി മന്ത്രി (ബാലനോവൽ).
ഇംഗ്ലീഷ് നോവൽ -(1) Malabar A Flame, (2) Dove and the Devils, (3) Kindled Tales
നാടകം- (1) കടൽക്കര (സംഗീത നാടകം 1985), (2) കടലിനക്കരെ എംബസ്സി സ്‌കൂൾ (സംഗീത നാടകം, (3) ഗൾഫിൽ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം), (4) കാലപ്രളയം, (5) കടലോളങ്ങൾ
കഥകൾ- (1) കാട്ടുകോഴികൾ, (2) കാലത്തിന്റെ കണ്ണാടി, (3) കരിന്തിരി വിളക്ക്, (4) കാട്ടുമൃഗങ്ങൾ
കവിത- (1) കറുത്ത പക്ഷികൾ, (2) കടലാസ്, (3) കളിമണ്ണ്, (4) കണ്ണാടി മാളിക
ലേഖനങ്ങൾ- (1) കഥകളുറങ്ങുന്ന പുണ്യഭൂമി (ഗൾഫ്), (2) കാലത്തിന്റെ ചിറകുകൾ (സൗദിയുടെ മണ്ണിൽ), (3) കാലമുദ്രകൾ, (4) കാലം കവിഞ്ഞൊഴുകുന്നു, (5) കാലഘടികാരം, (6) കാലചക്രം, (7) കയർ വിട്ട കാളകൾ, (8) കണ്ണുണ്ടായാൽ പോരാ കാണണം
ചരിത്രം / ജീവ ചരിത്രം- (1) കാമനയുടെ സ്ത്രീപർവ്വം, (2) കഥാകാരന്റെ കനൽ വഴികൾ (ആത്മകഥ), (3) കാരിരുമ്പിന്റെ കരുത്ത് (സർദാർ വല്ലഭായ് പട്ടേൽ), (4) കാലചക്രം (ബ്രിട്ടൺ)
യാത്രാവിവരണം- (1) കനക നക്ഷത്രങ്ങളുടെ നാട്ടിൽ (ഓസ്ട്രിയ), (2) കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ (ഇംഗ്ലണ്ട്), (3) കടലിനക്കരെ ഇക്കരെ (യൂറോപ്പ്), (4) കാഴ്ചകൾക്കപ്പുറം (ഇറ്റലി), (5) കുഞ്ഞിളം ദ്വീപുകൾ (ഫിൻലൻഡ്), (6) കണ്ണിന് കുളിരായി (ഫ്രാൻസ്),
(7) കന്യാസ്ത്രീ കാക്കകളുടെ നാട് (ആഫ്രിക്ക) ,(8) കാറ്റിൽ പറക്കുന്ന പന്തുകൾ (സ്‌പെയിൻ),
ശാസ്ത്രം/കായികം/ടൂറിസം- (1) കാണാക്കയങ്ങൾ (ചന്ദ്രയാൻ), (2) കാണാമറയത്തെ കൗതുകകാഴ്ചകൾ (മംഗൾയാൻ), (3) കളിക്കളം (ഒളിമ്പിക്‌സ് ചരിത്രം), (4) കായിക സ്വപ്നങ്ങളുടെ ലണ്ടൻ ഡയറി (മാധ്യമം ദിനപത്രത്തിന് വേണ്ടി 2012 -ൽ എഴുതിയ ലണ്ടൻ ലേഖനങ്ങൾ), (5) കേരളം (ട്രാവൽ & ടൂറിസം), (6) കാലം മാറുന്നു ,(7) കണ്ടെത്തലുകൾ

പുരസ്‌കാരങ്ങൾ-
ലോകത്താദ്യമായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രകാശനം ചെയ്തതിനുള്ള ലോക റിക്കോർഡ് ജേതാവ് (URF), ആമസോൺ ഇന്റർനാഷണൽ പുരസ്‌ക്കാരം , ഭാരതിയ ദളിത് സാഹിത്യ അക്കാദമി പുരസ്‌ക്കാരം, പാറപ്പുറം പ്രവാസി സാഹിത്യ പുര്‌സക്കാരം, കള്ളിക്കാട് രാമചന്ദ്രൻ സ്മാരക പുരസ്‌ക്കാരം, ഗാന്ധിഭവൻ സാഹിത്യ പുരസ്‌ക്കാരം, സാഹിത്യ പോഷിണി സാഹിത്യ പുരസ്‌ക്കാരം, വിക്ടർ ലൂയിസ് സ്മാരക സാഹിത്യ പുരസ്‌ക്കാരം, ലുധിയാന മലയാളി അസോസിയേഷൻ നാടക പുരസ്‌ക്കാരം, വേൾഡ് മലയാളി കൗൺസിൽ സാഹിത്യ പുരസ്‌ക്കാരം, ലിപി ഫൗണ്ടേഷൻ പുരസ്‌ക്കാരം, അമേരിക്കൻ ഈ മലയാളി സാഹിത്യ മാധ്യമ പുരസ്‌ക്കാരം, ലണ്ടൻ മലയാളി കൗൺസിൽ സമഗ്ര സാഹിത്യ പുരസ്‌ക്കാരങ്ങളടക്കം ഇരുപതോളം ബഹുമതികൾ ലഭിച്ചു.